മോര്‍ഫിങ് കേസ് പ്രതി മലപ്പുറത്തെ ലോഡ്ജില്‍വച്ച് കൈഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു

September 11, 2026 - By MalappuramMedia

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബുവാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ച് കൈമുറിച്ചാണ് ശ്രമം. ലോഡ്ജിലെ ജീവനക്കാരാണ് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്ക് മഞ്ചേരി കോടതി ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ല വിട്ടു പോകാൻ പാടില്ലെന്ന് ജാമ്യവസ്ഥയുള്ളതുകൊണ്ടാണ് മലപ്പുറത്ത് തുടർന്നത്.

ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സുബിനെ മലപ്പുറം സൈബർ പോലീസ് സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

പൊന്നാനിയിൽനിന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിലാണ് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Recent

Load More