മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം; 15 വർഷം കഠിനതടവും

October 01, 2026 - By MalappuramMedia

പൊന്നാനി: പതിനാറുകാരിയായ മകളെ ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും 15 വർഷം കഠിനതടവും 3.70 ലക്ഷം രൂപ പിഴയും ശിക്ഷ. പൊന്നാനി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.

2015 സെപ്റ്റംബർ മുതൽ 2016 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ അതിജീവിതയുടെ പിതാവിനെയാണ് വിവിധ വകുപ്പുകളിലായി ട്രിപ്പിൾ ജീവപര്യന്തം തടവിനും 15 വർഷം കഠിനതടവിനും 3.70 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മയ്ക്ക് ഒരു മാസം തടവും 5,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കഠിനതടവ് അനുഭവിക്കണം.

ഗർഭച്ഛിദ്രം നടത്തിയ മൂന്നാം പ്രതിയായ കോട്ടായി മങ്കര കരിയംകക്കോട് കമ്പക്കൊടം കാഞ്ചന (60)യ്ക്ക് 11 മാസം കഠിനതടവും 15,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിനതടവ് അനുഭവിക്കണം.

ഒന്നാം പ്രതി പിഴ അടയ്ക്കുന്നപക്ഷം അതിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്‌ന പി. പരമേശ്വരത്ത് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.സി. പ്രീത പ്രോസിക്യൂഷനെ സഹായിച്ചു.

Recent

Load More