ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവ്
പൊന്നാനി:പൊന്നാനിയിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. കടവനാട് അറയിൽവീട്ടിൽ ഹുസൈൻ (45)നെയാണ് പൊന്നാനി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിനതടവ് അനുഭവിക്കണം. 2028 സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിലിരിക്കെയാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയത്.
പോലീസിന്റെ അപേക്ഷ പരിഗണിച്ച് പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ തന്നെ വിചാരണ പൂർത്തിയാക്കുകയായിരുന്നു. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
