പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒരു കിലോയോളം ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ് (21) എന്നിവരെയാണ് ആർ.പി.എഫും എക്സൈസും ചേർന്ന് പിടികൂടിയത്.
ഏകദേശം അരലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പരപ്പനങ്ങാടിയിലെത്തിച്ച് ഫറോക്ക്, കോഴിക്കോട് മേഖലകളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
പാലക്കാട് ഡിവിഷൻ ആർ.പി.എഫ്. കുറ്റാന്വേഷണവിഭാഗം എസ്.ഐ. എ.പി. ദീപക്, പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷനോജ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
തിരൂർ ആർ.പി.എഫ്. എ.എസ്.ഐ. ഹരിഹരൻ, പരപ്പനങ്ങാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, ആർ.പി.എഫ്. കോൺസ്റ്റബിൾമാരായ എൻ. ശ്രീജിത്ത്, എം. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
