നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം മുടങ്ങി
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 2.75 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി മുടങ്ങി. മലിനജല സംഭരണി നിർമിക്കുന്നതിനായി കുഴിയെടുത്തപ്പോൾ നീക്കം ചെയ്ത മണ്ണ് മാറ്റാത്തതാണ് നിർമാണം തടസ്സപ്പെടാൻ കാരണം.
ആശുപത്രിയിലെ കിണറുകളിൽ വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതും പതിവാണ്. ഇതുമൂലം രോഗികളും ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് മലിനജല ശുദ്ധീകരണ പ്ലാന്റ് അനുവദിച്ചത്.
ശുദ്ധീകരിച്ച വെള്ളം ചെടികൾ നനയ്ക്കുന്നതിനും ശുചിമുറികളിലെ ഫ്ലഷ് ടാങ്കുകളിൽ ഉപയോഗിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്ലാന്റ് നിർമാണത്തിനായി 1.75 കോടി രൂപ ദേശീയ ആരോഗ്യ ദൗത്യത്തിൽനിന്നും (എൻഎച്ച്എം) ബാക്കി തുക ജില്ലാ പഞ്ചായത്തിൽനിന്നുമാണ് അനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി മൂന്ന് ഭൂഗർഭ ജലസംഭരണികളാണ് നിർമിക്കുന്നത്. ഇതിൽ ഒന്നിന്റെ നിർമാണം പൂർത്തിയായി. ഇവിടെ കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്താലേ ശേഷിക്കുന്ന രണ്ട് സംഭരണികളുടെ നിർമാണം ആരംഭിക്കാൻ കഴിയൂ.
എന്നാൽ, മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ആശുപത്രി അധികൃതർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാത്തതാണ് നിർമാണം പുനരാരംഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്.
