കോട്ടയ്ക്കൽ സർക്കാർ അതിഥിമന്ദിരത്തിന് പുതിയ കെട്ടിടം; 20 കോടിയിലധികം ചെലവ്
കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സർക്കാർ അതിഥിമന്ദിരത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നു. മന്ത്രി പി.കെ. ബഷീർ കോട്ടയ്ക്കൽ നഗരസഭാ കാര്യാലയത്തിൽ ചേർന്ന യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
വിദേശരാജ്യങ്ങളിൽനിന്നടക്കം നിരവധി പേർ ചികിത്സയ്ക്കെത്തുന്ന കോട്ടയ്ക്കലിലെ റസ്റ്റ്ഹൗസ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കണമെന്ന ആവശ്യം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു.
മൂന്ന് നിലകളിലായി 2,470 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 15 ഡബിൾ റൂമുകളും 6 ഡീലക്സ് റൂമുകളും ഉൾപ്പെടെ 35 മുറികൾ, കഫെറ്റീരിയ, ഡൈനിങ് ഹാൾ, സമ്മേളന ഹാൾ, വീഡിയോ കോൺഫറൻസ് സൗകര്യത്തോടെയുള്ള വർക്കിങ് സ്പേസ്, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും.
പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറായിവരികയാണെന്നും എട്ട് മാസത്തിനകം നിർമാണം ആരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് 20 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
