കോട്ടയ്ക്കൽ ജില്ലാ സ്കൂൾ കലോത്സവം: ഫണ്ട് പിരിവിന്റെ കണക്ക് അറിയിച്ചില്ലെന്ന് സാമ്പത്തിക സമിതി അധ്യക്ഷൻ
രണ്ടു വർഷം മുൻപ് കോട്ടയ്ക്കലിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിനായി പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് അറിയിച്ചിരുന്നില്ലെന്ന് സംഘാടകസമിതി സാമ്പത്തിക സമിതി അധ്യക്ഷനും നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായിരുന്ന പി.ടി. അബ്ദു പറഞ്ഞു. വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വകുപ്പ് ഉദ്യോഗസ്ഥർ പണം പിരിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും, ഇത് രേഖാമൂലമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫണ്ട് പിരിവിന്റെ കണക്ക് അവതരിപ്പിക്കുന്നതിനായി സംഘാടകസമിതി യോഗം ചേർന്നിട്ടില്ലെന്നും പി.ടി. അബ്ദു പറഞ്ഞു. സംഘാടകസമിതി പിരിച്ചുവിടുന്നതിനായി മലപ്പുറത്ത് ചേർന്ന യോഗത്തിലേക്കും തന്നെ വിളിച്ചിരുന്നില്ല. നഗരസഭാധ്യക്ഷയ്ക്കുപോലും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ മേളകളുടെ ഭാഗമായി നടക്കുന്ന ഫണ്ട് പിരിവിൽ സുതാര്യത വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സാമ്പത്തിക സമിതി അധ്യക്ഷന്റെ പ്രതികരണം.
