കോട്ടപ്പടി മാർക്കറ്റ് വികസനം: പുതിയ ഡിപിആർ തയ്യാറാക്കാൻ നഗരസഭ

September 10, 2026 - By MalappuramMedia

മലപ്പുറം: കോട്ടപ്പടി മാർക്കറ്റിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കാൻ മലപ്പുറം നഗരസഭ. നിലവിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി വ്യാപാരികളെ ഘട്ടംഘട്ടമായി മാർക്കറ്റിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

മാർക്കറ്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള റിടെയ്നിങ് വാൾ, മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നതിനുള്ള സമ്പ് ടാങ്ക്, മലിനജല ശുദ്ധീകരണത്തിനുള്ള എസ്.ടി.പി., ഇ.ടി.പി. തുടങ്ങിയ സംവിധാനങ്ങൾ പുതിയ ഡി.പി.ആറിൽ ഉൾപ്പെടുത്തും.

ആദ്യഘട്ടത്തിൽ പരിമിതമായ എണ്ണം വ്യാപാരികളെ മാർക്കറ്റിലേക്ക് മാറ്റാനാണ് നഗരസഭയുടെ തീരുമാനം. നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന കാരണത്താൽ മാർക്കറ്റിലേക്ക് മാറാൻ വ്യാപാരികൾ നേരത്തെ വിസമ്മതിച്ചിരുന്നു. നിർമാണപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ചീഫ് എൻജിനീയർ മാർക്കറ്റിലെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘവും സ്ഥലപരിശോധന നടത്തി.

ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സമീറ മുസ്തഫ, കൗൺസിലർ സി.ടി. ഹർഷദ്, അസിസ്റ്റന്റ് എൻജിനീയർ പ്രജിത, ആർക്കിടെക്ട് ബിനോദ്, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരായ ദിലീപ്, തബ്ഷീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Recent

Load More