കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ഗൃഹനാഥൻ മരിച്ചു

September 23, 2026 - By MalappuramMedia

കൊണ്ടോട്ടി: കൊണ്ടോട്ടി നെടിയിരുപ്പിൽ ദേശീയപാതയിലുണ്ടായ ബസ്സപകടത്തിൽ ഗൃഹനാഥൻ മരിച്ചു. നെടിയിരുപ്പ് കാവുങ്ങൽ കുന്നുംപുറത്ത് സ്വദേശി അബൂബക്കർ (52) ആണ് മരിച്ചത്.

രാമനാട്ടുകരയിലെ കടയിലേക്ക് പോകുന്നതിനായി ഇന്ന് രാവിലെ ബസ് കയറാൻ എത്തിയതായിരുന്നു അബൂബക്കർ. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പിൽ ശരിയായ രീതിയിൽ നിർത്താതെ റോഡിന്റെ മധ്യഭാഗത്ത് നിർത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ദിശയിൽ അതിവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് അബൂബക്കർ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Recent

Load More