കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര പരിഷ്കരണം

September 20, 2026 - By MalappuramMedia


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് രീതി ലിംഗ്ദോ കമ്മിറ്റി നിർദേശങ്ങൾക്കനുസരിച്ച് സമഗ്രമായി പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിച്ചാണ് തീരുമാനം.

സർവകലാശാലാ കാമ്പസിലും അംഗീകൃത കോളേജുകളിലും ഒക്ടോബറിൽ നടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പരിഷ്കരിച്ച നിയമാവലി അനുസരിച്ചായിരിക്കും. 25 വർഷം മുമ്പ് തയ്യാറാക്കിയ നിയമാവലിയിലാണ് സമ്പൂർണ മാറ്റം വരുന്നത്.

എല്ലാ റിസർച്ച് സെന്ററുകളിലെയും ഗവേഷകരെ ഉൾപ്പെടുത്തി സർവകലാശാലാ റിസർച്ച് യൂണിയൻ രൂപവത്കരിക്കും. നിലവിലെ ഡിപ്പാർട്ട്മെന്റ് യൂണിയന് പകരം പ്രധാന കാമ്പസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി ‘കാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ’ നിലവിൽവരും. തൃശ്ശൂർ, വയനാട് ചെതലയം കാമ്പസുകൾക്കും പ്രത്യേക യൂണിയനുകളുണ്ടാകും.

കോളേജുകളിലെ തിരഞ്ഞെടുപ്പ് പാർലമെന്ററി രീതിയിലോ പ്രസിഡൻഷ്യൽ രീതിയിലോ നടത്താം. ഇതുസംബന്ധിച്ച് അതത് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാം.

അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി സി.സി.ടി.വി. ക്യാമറകളും സീനിയർ ഫാക്കൽറ്റി ഒബ്സർവർമാരുടെ സേവനവും ഉറപ്പാക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി ഗവേഷകർക്ക് 28 വയസ്സും മറ്റ് വിദ്യാർഥികൾക്ക് 24 വയസ്സുമായി നിജപ്പെടുത്തി. മത്സരിക്കുന്നതിന് കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാണ്. അക്കാദമിക് സപ്ലിമെന്ററികളോ അച്ചടക്കനടപടികളോ ഉള്ളവർക്ക് മത്സരിക്കാനാകില്ല.

കാമ്പസിന് പുറത്തുള്ള വ്യക്തികൾ പ്രചാരണത്തിനെത്താൻ പാടില്ല. രാഷ്ട്രീയപ്പാർട്ടികളിൽനിന്നോ ബാഹ്യസംഘടനകളിൽനിന്നോ സാമ്പത്തികസഹായം സ്വീകരിക്കുന്നതിനും വിലക്കുണ്ട്. ക്ലാസ് സമയത്തെ ബാധിക്കാത്തവിധം തിയറി പീരിയഡുകളുടെ അവസാന 10 മിനിറ്റിൽ മാത്രമായിരിക്കും പ്രചാരണത്തിന് അനുമതി. ലാബുകൾക്കുള്ളിൽ പ്രചാരണം കർശനമായി വിലക്കിയിട്ടുണ്ട്.

ഫ്ലെക്സുകൾക്കും അച്ചടിച്ച പോസ്റ്ററുകൾക്കും പകരം നിർദിഷ്ട സ്ഥലങ്ങളിൽ കൈകൊണ്ട് തയ്യാറാക്കിയ പോസ്റ്ററുകൾ മാത്രമേ ഉപയോഗിക്കാനാകൂ. ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിനായി ചെലവഴിക്കാവുന്ന പരമാവധി തുക 10,000 രൂപയായി നിജപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം കൃത്യമായ ചെലവ് കണക്കുകൾ സമർപ്പിക്കുകയും വേണം.

Recent

Load More