കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു; കർഷകർ ആശങ്കയിൽ
ഊരകം: ഊരകം കീഴ്വരി പാടശേഖരത്തിലെ കുന്നത്ത് പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാകുന്നതായി കർഷകരുടെ പരാതി. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ കർഷകർ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ്.
വാഴ, കപ്പ, ചേമ്പ്, വിവിധ പച്ചക്കറികൾ തുടങ്ങിയ വിളകളാണ് പ്രധാനമായും കാട്ടുപന്നികൾ നശിപ്പിക്കുന്നത്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കുന്നത്. വിളവെടുപ്പ് നടക്കേണ്ട സമയത്തുണ്ടാകുന്ന കൃഷിനാശം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
കഴിഞ്ഞ ദിവസമാണ് കർഷകനായ തണ്ടുപുലാക്കൽ അനിൽകുമാറിന്റെ വിളവെടുപ്പിനായുള്ള കപ്പ കാട്ടുപന്നിക്കൂട്ടം പൂർണമായും നശിപ്പിച്ചത്. ഇദ്ദേഹത്തിന് മാത്രം പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
പ്രദേശത്ത് കുറച്ചുനാളുകളായി കാട്ടുപന്നിശല്യം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇവയുടെ ശല്യം കാരണം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് നാട്ടുകാർ നേരിടുന്നത്.
കാട്ടുപന്നിശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനംവകുപ്പും കൃഷിവകുപ്പും അടിയന്തരമായി ഇടപെടണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നും പഞ്ചായത്ത് അംഗം സെബി ഹുസൈൻ അധികൃതരോട് ആവശ്യപ്പെട്ടു.
