എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ; പിടിയിലായവരിൽ പുതുപ്പൊന്നാനി സ്വദേശി

October 01, 2026 - By Malapuram

പൊന്നാനി: എംഡിഎംഎയുമായി  പുതുപ്പൊന്നാനി സ്വദേശിയായ യുവ ഡോക്ടറെ കണ്ണൂർ മട്ടന്നൂരിൽ എക്സൈസ് പിടികൂടി. ഇയാൾക്കൊപ്പം തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി ഡോ. സിദ്ധാർഥ് സി.പി. (31) എന്നയാളെയും പിടികൂടി. ഇരുവരിൽ നിന്നുമായി 2.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

മട്ടന്നൂരിലെ ഹോട്ടലിൽ രണ്ടുദിവസമായി താമസിച്ചുവരികയായിരുന്നു ഇരുവരും. ഇവരുടെ കൈവശം ലഹരിമരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിൽ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. സ്വന്തം ആവശ്യത്തിനായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചതായി എക്സൈസ് അറിയിച്ചു.

മട്ടന്നൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷൽ കോടതിയിലേക്ക് മാറ്റുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Recent

Load More