ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നില്ലെന്ന് ആരോപണം; സിപിഎം മാർച്ചും ധർണയും നടത്തി

October 09, 2026 - By North Malappuram


എടക്കര: കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾ ലഭ്യമല്ലെന്ന് ആരോപിച്ച് സിപിഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എടക്കര, ചുങ്കത്തറ, മൂത്തേടം, പോത്തുകല്ല് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി.

എടക്കരയിൽ എ.ടി. റജി, ചുങ്കത്തറയിൽ യു. ഗിരീഷ് കുമാർ, മൂത്തേടത്ത് പി. സഹീർ, പോത്തുകല്ലിൽ ടി. രവീന്ദ്രൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു. വിവിധ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പ്രസംഗിച്ചു.

അതേസമയം, പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സിപിഎം നടത്തിയ സമരം പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് പ്രതികരിച്ചു. പ്രതിദിനം 280 മുതൽ 350 വരെ രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരവും നൂറോളം രോഗികൾക്കായി ഒ.പി. പ്രവർത്തിക്കുന്നുണ്ട്.

ലാബിൽ 16 ഇനം പരിശോധനകൾ നടത്തുന്നതിനൊപ്പം പ്രധാന പരിശോധനകൾക്ക് 50 ശതമാനം വരെ ഫീസ് ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ.) ലഭ്യമല്ലാത്ത മരുന്നുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ലോക്കൽ പർച്ചേസ് നടത്തി വിതരണം ചെയ്യുന്നുണ്ടെന്നും എം.എ. ജോസ് വ്യക്തമാക്കി.

ട്രൈബൽ മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനവും കാര്യക്ഷമമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സിപിഎം നടത്തിയ സമരം അനാവശ്യമായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Recent

Load More