വിമാനം റദ്ദാക്കിയത് അറിയിച്ചില്ല ട്രാവൽ ഏജൻസി 8.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
മഞ്ചേരി: വിമാനം റദ്ദാക്കിയ വിവരം യഥാസമയം അറിയിക്കാത്തതിനെത്തുടർന്ന് വിനോദയാത്ര പ്രതിസന്ധിയിലായ നിലമ്പൂരിലെ പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ട്രാവൽ ഏജൻസി 8.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മേക്ക് മൈ ട്രിപ്പിനെതിരെയാണ് വിധി.
വിരമിച്ച ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ ഹർജിയിലാണ് നടപടി. 2023 മേയ് രണ്ടിനാണ് 28 പേരടങ്ങുന്ന സംഘം കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് ശ്രീനഗറിലേക്കും വിനോദയാത്ര പുറപ്പെട്ടത്. മേയ് പത്തിന് മടങ്ങിയെത്തുന്ന രീതിയിലായിരുന്നു യാത്രാക്രമം. 2022 ഡിസംബറിൽത്തന്നെ മേക്ക് മൈ ട്രിപ്പ് മുഖേന ഇതിനായി വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
സംഘം ഡൽഹിയിലെത്തിയപ്പോഴാണ് ശ്രീനഗറിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. വിമാനക്കമ്പനി സർവീസ് നിർത്തിവെച്ചതായിരുന്നു കാരണം. ടിക്കറ്റ് തുക മേക്ക് മൈ ട്രിപ്പിന് റീഫണ്ട് ചെയ്തിരുന്നെങ്കിലും, സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പല ദിവസങ്ങളിലായാണ് സംഘം ശ്രീനഗറിലെത്തിയത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും പ്രയാണത്തിലെ ബുദ്ധിമുട്ടിനും ഇടയാക്കി. യാത്രക്കാർക്ക് അധിക ചെലവും ഏറെ അസൗകര്യങ്ങളും നേരിടേണ്ടിവന്നു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഉപഭോക്തൃ കോടതി, യാത്രാസംഘത്തിന് അധികമായി ചെലവായ 4,48,468 രൂപയും ടിക്കറ്റെടുത്ത തുകയായ 1,52,270 രൂപയും നൽകണമെന്ന് നിർദേശിച്ചു. കൂടാതെ 28 പേർക്കും 10,000 രൂപ വീതം നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകണമെന്നും വിധിച്ചു. തങ്ങൾ യാത്രാ ബുക്കിങ്ങിനുള്ള ഇടനിലക്കാർ മാത്രമാണെന്നും, വിമാനം റദ്ദാക്കിയതുമൂലമുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ വിമാനക്കമ്പനിയാണെന്നുമായിരുന്നു ഏജൻസിയുടെ വാദം. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല.
എൻ.കെ. മോഹൻദാസ്, പി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങുന്ന ഫോറമാണ് നഷ്ടപരിഹാരം വിധിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി.ജി. മാത്യു, ഫിർഷാദ് കൊരമ്പയിൽ എന്നിവർ ഹാജരായി.
