വള്ളിക്കുന്ന് ചാലിപ്പാടം മണ്ണിട്ട് ഇല്ലാതാക്കരുത്; വയൽ നികത്തലിനെതിരെ പരാതി

August 29, 2026 - By Malapuram

വള്ളിക്കുന്ന്:പഞ്ചായത്തിലെ ഏഴാം വാർഡായ ഒലിപ്രം-തിരുത്തി പ്രദേശത്തെ ചാലിപ്പാടത്ത് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നതായി പരാതി. പാടശേഖരം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡംഗം വി.ബി. ഒലിപ്രം ജില്ലാ കളക്ടർ, റവന്യൂ അധികൃതർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകി.
12 ഏക്കറിലധികം വരുന്ന ചാലിപ്പാടം പ്രദേശത്തെ പ്രധാന മഴവെള്ള സംഭരണ മേഖലയാണ്. പാടം നികത്തുന്നത് സ്വാഭാവിക നീരൊഴുക്കിനെയും ഭൂഗർഭജല ലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പാടശേഖരത്തിന് സമീപത്തായി 250-ലധികം വീടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ട് പ്രധാന കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്.
ഒലിപ്രം-തിരുത്തി പ്രദേശങ്ങൾ താഴ്ന്ന മേഖലയായതിനാൽ നെൽവയലുകളും സ്വാഭാവിക നീർച്ചാലുകളും നികത്തുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തതോടെ മഴക്കാലത്ത് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നുണ്ട്. ചാലിപ്പാടം കൂടി നികത്തുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
മണ്ണിട്ട് നികത്തൽ തടയണമെന്നാവശ്യപ്പെട്ട് നേരത്തെയും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. ചാലിപ്പാടത്ത് അടിയന്തര സ്ഥലപരിശോധന നടത്തി നിയമവിരുദ്ധമായ നികത്തൽ തടയണമെന്നും ശേഷിക്കുന്ന പാടശേഖരം സംരക്ഷിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും വാർഡംഗം ആവശ്യപ്പെട്ടു.
അതേസമയം, പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു.

Recent

Load More