വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു; ഹോട്ടൽ ഭക്ഷണം കഴിച്ച 66 പേർക്ക് രോഗബാധ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

October 13, 2026 - By North Malappuram

വണ്ടൂർ: വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 66 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധയുണ്ടായത്. രോഗബാധിതരിൽ ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു.

വണ്ടൂർ, പോരൂർ, തിരുവാലി, കാളികാവ് പഞ്ചായത്തുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ പേർക്ക് രോഗബാധയുണ്ടായത്. പഞ്ചായത്ത് തിരിച്ചുള്ള കണക്കുപ്രകാരം വണ്ടൂരിൽ 40 പേർക്കും പോരൂരിൽ 10 പേർക്കും തിരുവാലിയിൽ 11 പേർക്കും കാളികാവിൽ അഞ്ചുപേർക്കുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

രോഗബാധ റിപ്പോർട്ട് ചെയ്തതോടെ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗവ്യാപനം തടയുന്നതിനായി വണ്ടൂർ പഞ്ചായത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇന്റർസെക്ടറൽ കോഡിനേഷൻ യോഗം ചേർന്നു.

പഞ്ചായത്തിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്താനും വീടുകളിലെ ക്ലോറിനേഷൻ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ബ്ലോക്കിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിച്ചു. വീടുകളിൽ ക്ലോറിനേഷൻ നടത്തുന്നതിനായി ആശാ പ്രവർത്തകരെയും കുടുംബശ്രീ അംഗങ്ങളെയും ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പ് ജീവനക്കാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

രോഗവ്യാപനം തടയുന്നതിനായി സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർദേശം നൽകി. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം വിതരണം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

സമീപ പഞ്ചായത്തുകളിലും രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ന് വണ്ടൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംയുക്തയോഗം ചേരും.

ജില്ലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് നിർദേശിച്ചു.

വണ്ടൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന കോഡിനേഷൻ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. നിഷ കെ. മാധവൻ, ശാഹുൽ ഹമീദ്, ഡോ. ഉമ്മർ പള്ളിയാളി, ടി.എ. രാജൻ, കിരൺ, ശ്രീജിത്ത് അമ്പ്രാക്കാട്ട് എന്നിവർ സംസാരിച്ചു.

Category: വണ്ടൂർ

Recent

Load More