മഞ്ചേരി മെഡിക്കൽ കോളേജിൽ മരുന്നുക്ഷാമം രൂക്ഷം; കാൻസറിനുള്ള മരുന്നും സ്റ്റോക്കില്ല
മഞ്ചേരി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷമായതായി പരാതി. അർബുദരോഗികൾക്ക് നൽകുന്ന കാർബോപ്ലാറ്റിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സ്റ്റോക്കില്ല. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾക്കും ക്ഷാമമുണ്ട്.
വേദനയ്ക്കും വൈറസ് രോഗങ്ങൾക്കുമുള്ള ചില ആന്റിബയോട്ടിക് മരുന്നുകളും ഇഞ്ചക്ഷനുകളും ലഭ്യമല്ലെന്നാണ് രോഗികൾ പറയുന്നത്. ഇതോടെ ചികിത്സയ്ക്കെത്തുന്നവർ ദുരിതത്തിലായി.
ദിവസവും മൂവായിരത്തോളം രോഗികളാണ് മെഡിക്കൽ കോളേജിലെ വിവിധ ഒ.പി.കളിൽ ചികിത്സ തേടുന്നത്. ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങി ഏറെനേരം കാത്തുനിന്ന് ഫാർമസിയിലെത്തുമ്പോൾ പല മരുന്നുകളും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് രോഗികൾ പറയുന്നു. ഇതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഉയർന്ന വിലയ്ക്ക് മരുന്നുകൾ വാങ്ങേണ്ട സാഹചര്യമാണ് സാധാരണക്കാർക്ക്.
മാസത്തിൽ ഏകദേശം ഒരുകോടി രൂപയുടെ മരുന്നാണ് ആശുപത്രിക്ക് ആവശ്യമായി വരുന്നത്. സ്റ്റോക്ക് തീരുന്നതിന് മുമ്പ് പർച്ചേസ് ഓർഡർ നൽകുന്നതായിരുന്നു നേരത്തെയുള്ള രീതി. എന്നാൽ പല മരുന്നുകളുടെയും സ്റ്റോക്ക് തീർന്നിട്ടും ആവശ്യമായ അളവിൽ പുതിയ മരുന്നുകൾ എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.
ചില മരുന്നുകൾക്ക് റീ-ടെൻഡർ വിളിക്കേണ്ടിവന്നത് കാലതാമസത്തിന് ഇടയാക്കിയതായി അധികൃതർ പറയുന്നു. മരുന്നുകൾക്ക് പുറമെ എക്സ്റേ വിഭാഗത്തിൽ ഫിലിം ലഭ്യമല്ലാത്തതിനാൽ രോഗനിർണയം മുടങ്ങുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.
