മഞ്ചേരിയിൽ യുവതി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാ പ്രേരണാകുറ്റത്തിന് പരപ്പനങ്ങാടി സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കൽ കളത്തിങ്കൽ മുഹമ്മദ് അർഷാദ് (29) ആണ് അറസ്റ്റിലായത്.
വിദേശത്തായിരുന്ന പ്രതി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വള്ളുവമ്പ്രം സ്വദേശിയായ 24കാരിയാണ് കഴിഞ്ഞ ജൂൺ 16ന് വീട്ടിൽ തൂങ്ങിമരിച്ചത്.
യുവതിയുമായി ഏറെക്കാലമായി പ്രതി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. തന്റെ മരണത്തിന് പൂർണ ഉത്തരവാദി പ്രതിയാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് യുവതി ജീവനൊടുക്കിയതെന്നാണ് കേസ്.
മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എസ്.ഐ. ശിശിര ശശികുമാറാണ് മുഹമ്മദ് അർഷാദിനെ പരപ്പനങ്ങാടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ. അജിത, സിവിൽ പോലീസ് ഓഫീസർമാരായ സാലിം, ഉബൈദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
