ബൈപ്പാസ് റോഡ് നവീകരണം പൂർത്തിയാക്കുന്നില്ല കൊണ്ടോട്ടിയിൽ നാളെ കടകൾ അടച്ചിട്ട് പ്രതിഷേധം
കൊണ്ടോട്ടി: പത്തുമാസം പിന്നിട്ടിട്ടും ബൈപ്പാസ് റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ വ്യാപാരികൾ തിങ്കളാഴ്ച രണ്ടുമണിക്കൂർ കടകൾ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 12 വരെയാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.
നവീകരണത്തിനായി പൊളിച്ചിട്ട ബൈപ്പാസ് റോഡിൽ ടാറിങ് നടത്താത്തതിനാൽ പ്രദേശത്ത് പൊടിശല്യം രൂക്ഷമാണ്. റോഡ് തകർന്നതോടെ ആളുകൾ നഗരത്തിലെത്താത്തതിനാൽ ഓണക്കാലത്തെ കച്ചവടം കുറഞ്ഞതായും പൊടിശല്യം മൂലം ജീവനക്കാരടക്കമുള്ളവർ രോഗബാധിതരാകുന്നതായും വ്യാപാരികൾ പറഞ്ഞു.
കച്ചവടസാധനങ്ങളും പൊടിപിടിച്ച് നശിക്കുന്ന സാഹചര്യമാണുള്ളത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണാത്തപക്ഷം വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡന്റ് ശാദി മുസ്തഫ, ജനറൽ സെക്രട്ടറി അനീസ് ചുണ്ടക്കാടൻ, ട്രഷറർ യു.കെ. അബ്ദുറസാഖ്, യൂത്ത് വിങ് പ്രസിഡന്റ് സഫീർ ബഡാബസാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
