പൊന്നാനിയിൽ മർച്ചന്റ് നേവി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

October 02, 2026 - By Malapuram

പൊന്നാനി:പൊന്നാനിയിൽ മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ഏലംകുളം കൊലോത്തൊടി സ്വദേശി മുഹമ്മദ് അബ്ദുൽ മുബീൻ (38) ആണ് പൊന്നാനി പോലീസ് അറസ്റ്റുചെയ്തത്. പൊന്നാനി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
മുബീന്റെ ഉടമസ്ഥതയിൽ മൈസൂരുവിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്രൂപ്പ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. മർച്ചന്റ് നേവിയിൽ ജോലി നേടുന്നതിനുള്ള കോഴ്‌സുകൾ പഠിപ്പിക്കാമെന്നും പ്രമുഖ ഷിപ്പിങ് കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ നിയമനം നൽകാമെന്നും പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നത്.
എന്നാൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമില്ലാതെയാണ് സ്ഥാപനം കോഴ്‌സുകൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. അംഗീകാരമില്ലാത്ത കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ട്രെയിനിങ്ങിന്റെയും പ്ലേസ്‌മെന്റിന്റെയും ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുംബൈയിലെ ‘ബ്രിഡ്‌വേ’ എന്ന കമ്പനിയുടെ സഹായത്തോടെ ഓർഡിനറി സീമാൻ ട്രെയിനിങ്ങിനായി ഉദ്യോഗാർഥികളെ അയച്ചിരുന്നതായും പോലീസ് പറഞ്ഞു.
തുടർന്ന് വിദേശ ഷിപ്പിങ് കമ്പനികളിലും അൽബേനിയയിലും ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ പണം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ തുക തിരിച്ചുനൽകുകയോ ചെയ്തില്ല. ഇതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
സമാന രീതിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വിസ തട്ടിപ്പ് കേസും നിലവിലുണ്ട്.
മുഹമ്മദ് അബ്ദുൽ മുബീനെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു.

Recent

Load More