പൊന്നാനിയിൽ കാപ്പ ചുമത്തി മൂന്നു പേരെ നാടുകടത്തി

October 08, 2026 - By MalappuramMedia

പൊന്നാനി; പൊന്നാനി മേഖലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഏർപ്പെട്ടുവന്ന മൂന്നു പേരെ കാപ്പ നിയമപ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാടുകടത്തി.

വെളിയങ്കോട് പഴയകടവ് കറുപ്പംവീട്ടിൽ ഷാഫി (47), പൊന്നാനി അഴിക്കൽ അത്തോളിപ്പറമ്പിൽ അൻസാർ (30), പൊന്നാനി മരക്കടവ് പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ (36) എന്നിവർക്കെതിരെയാണ് നടപടി.

പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിഷ്ണു എം.വി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ഇവർക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.

എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഷാഫിക്കെതിരെ നാല് കേസുകളും, വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അൻസാറിനെതിരെ ആറോളം കേസുകളും നിലവിലുണ്ട്. കഞ്ചാവ് വിപണനം, വധശ്രമം, കഠിന ദേഹോപദ്രവം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ സക്കീറും പ്രതിയാണ്.

കാപ്പ ഉത്തരവ് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Recent

Load More