പെൻഷൻ തട്ടിയെടുത്തെന്ന പരാതി; ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
കൊളത്തൂർ: വിധവയ്ക്ക് ലഭിക്കേണ്ട ഒൻപത് മാസത്തെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് കൈപ്പറ്റി ഗുണഭോക്താവിന് നൽകാതെ തട്ടിയെടുത്തെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ കണക്കംതൊടി നൗഫലിനെയാണ് ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തത്.
മൂർക്കനാട് സ്വദേശിനിയായ തൂമ്പിൽ തമീമയ്ക്ക് ലഭിക്കേണ്ട 20,000 രൂപയുടെ വിധവാ പെൻഷൻ തുക കൈപ്പറ്റി നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. പെൻഷൻ ലഭിക്കാത്തതിനെക്കുറിച്ച് തമീമ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി പെൻഷൻ അനുവദിക്കാത്തതാണ് കാരണമെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൻഷൻ തുക ബാങ്കിൽനിന്ന് കൈപ്പറ്റിയതായി രേഖകളിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തമീമ കൊളത്തൂർ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്ക് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്.
നൗഫൽ സി.പി.എം. മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമാണ്.
പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നേതാവിനെതിരെ തന്നെ തട്ടിപ്പ് പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറ്റ് ഗുണഭോക്താക്കളുടെ പെൻഷൻ തുകയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
