പറവണ്ണയിൽ ബസ് തടഞ്ഞ് പെപ്പർ സ്പ്രേ ആക്രമണം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

October 07, 2026 - By Malapuram

തിരൂർ: പറവണ്ണയിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്കും കണ്ടക്ടർക്കും യാത്രക്കാർക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി.
പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശി കോലോ പറമ്പത്ത് മുഹമ്മദ് ഹർഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19-നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്ന ‘ബിഗ് ബോസ്’ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ബസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ബസിനുള്ളിൽ കയറി ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു. ഇതോടൊപ്പം സമീപത്തുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും പെപ്പർ സ്പ്രേ പ്രയോഗിച്ചതായാണ് പരാതി. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
യാത്രക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന മുഹമ്മദ് ഹർഷ് പിടിയിലായത്. പ്രതിക്കെതിരെ നേരത്തെ എൻ.ഡി.പി.എസ്. കേസ് ഉൾപ്പെടെയുള്ള കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒ ജയപ്രകാശ്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ഹാഷിസ്, സ്റ്റീഫൻ, ഷിനോയി, ജോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Category: തിരൂർ

Recent

Load More