പരപ്പനങ്ങാടിയിൽ യുവതിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി; കേസെടുത്ത് പൊലീസ്
തിരൂരങ്ങാടി: പരപ്പനങ്ങാടി നെടുവ ഹെൽത്ത് സെന്ററിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ജനറൽ വിഭാഗം ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ ജനറൽ വിഭാഗം ഡോക്ടർ കൃഷ്ണപ്രസാദിനെതിരെ പൊലീസ് കേസെടുത്തു.
സെപ്റ്റംബർ എട്ടിന് ഉച്ചയോടെയാണ് സംഭവമെന്നാണ് യുവതിയുടെ പരാതി. തലവേദനയെ തുടർന്ന് സഹോദരനോടൊപ്പമാണ് യുവതി നെടുവ ഹെൽത്ത് സെന്ററിൽ ചികിത്സയ്ക്കെത്തിയത്. പരിശോധനയ്ക്കിടെ ഡോക്ടർ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
സംഭവത്തെ ചോദ്യം ചെയ്ത സഹോദരനെ ഡോക്ടർ കൈയേറ്റം ചെയ്തതായും യുവതി ആരോപിച്ചു. ഇതുസംബന്ധിച്ച് യുവതി വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
ഡോക്ടർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും യുവതി പറഞ്ഞു. അതേസമയം, ഡോക്ടറുടെ പരാതിയിൽ തനിക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തതായും യുവതി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
