പരപ്പനങ്ങാടിയിൽ കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ പ്രദേശവാസികൾ
പരപ്പനങ്ങാടി: പുത്തൻകടപ്പുറത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. ഏകദേശം 100 മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.
രണ്ടാഴ്ച മുൻപ് ചെട്ടിപ്പടി–ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അരക്കിലോമീറ്ററോളം നീളത്തിലും സമാനമായ പ്രതിഭാസം ദൃശ്യമായിരുന്നു. കടൽ ഉൾവലിഞ്ഞ ഭാഗങ്ങൾ പിന്നീട് ചെളിമയമായി മാറിയിരുന്നു.
അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങളും ഉയർന്ന വേലിയേറ്റവുമാണ് പ്രതിഭാസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. കടൽ പ്രക്ഷുബ്ധമാകാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർച്ചയായി കടലിൽ ഇത്തരം മാറ്റങ്ങൾ ദൃശ്യമാകുന്നത് തീരദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
