തിരൂരിൽ സ്പായുടെ മറവിൽ ലഹരി നൽകി പെൺവാണിഭം; നടത്തിപ്പുകാരൻ അറസ്റ്റിൽ

October 04, 2026 - By Malapuram

തിരൂർ: സ്പായുടെ മറവിൽ സ്ത്രീകൾക്ക് രാസലഹരി നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ സ്പാ നടത്തിപ്പുകാരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പറമ്പിൽ അറമുഖന്റെ മകൻ ശരത് പ്രസാദ് (29) ആണ് അറസ്റ്റിലായത്. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്നേഹം നടിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും വശീകരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി രാസലഹരി നൽകുകയും മറ്റുള്ളവർക്ക് ലൈംഗികമായി ചൂഷണം ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ചൂഷണത്തിനിരയായവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
വിവാഹിതരും അവിവാഹിതരും കോളേജ് വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവർ ഇയാളുടെ ചൂഷണത്തിന് ഇരയായതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ആഡംബര കാറുകളിൽ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി രാസലഹരി നൽകി പീഡിപ്പിക്കുകയും സമ്പന്നർക്ക് എത്തിച്ചുനൽകുകയും ചെയ്തിരുന്നതായും പോലീസ് ആരോപിച്ചു.
ബെംഗളൂരു, കർണാടക, തമിഴ്നാട്, തൃശ്ശി, നാഗ്പൂർ എന്നിവിടങ്ങളിലെ വിവിധ സ്പാകളിൽ ജോലി ചെയ്ത പരിചയം പ്രതിക്കുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ ചൂഷണത്തിനിരയായതായി കണ്ടെത്തിയത്. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായും പോലീസ് അറിയിച്ചു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.ഐമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒ അരുൺ ചോലക്കൽ, ടോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Category: തിരൂർ

Recent

Load More