തിരൂരിൽ മണൽക്കടത്തിനെതിരെ പോലീസ് നടപടി ശക്തം; ഒരുമാസത്തിനിടെ പിടികൂടിയത് 17-ലധികം വാഹനങ്ങൾ
തിരൂർ: അനധികൃത മണൽക്കടത്തിനെതിരെ നടപടി ശക്തമാക്കി തിരൂർ പോലീസ്. ടാർപ്പായ മൂടി ആർക്കും സംശയം തോന്നാത്ത വിധത്തിൽ മണൽ കടത്തുകയായിരുന്ന മിനി പിക്കപ്പ് വാഹനം ചമ്രവട്ടം മഠത്തിൽപ്പടി ഭാഗത്തുനിന്ന് പോലീസ് പിടികൂടി.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, സി.പി.ഒ പ്രിന്റോ എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ നിന്നായി അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച 17-ലധികം വാഹനങ്ങളാണ് തിരൂർ പോലീസ് പിടികൂടിയത്. അനധികൃത മണൽക്കടത്തിനെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
