തിരൂരിൽ ഈർച്ചവാൾ പാരമ്പര്യം കാത്ത് രണ്ട് കുഞ്ഞാപ്പുട്ടിമാർ; 75-ാം വയസ്സിലും മരപ്പണിയിൽ സജീവം
തിരൂർ: ആധുനിക യന്ത്രങ്ങൾ വരുന്നതിനു മുൻപ് മരങ്ങൾ പലകകളും പട്ടികകളുമാക്കി മാറ്റിയിരുന്നത് ഈർച്ചവാളിന്റെ കരുത്തിലായിരുന്നു. വാളിന്റെ രണ്ടറ്റത്തും നിന്ന് ഒരാൾ വീതം പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വലിച്ച് മരം ഈർന്നെടുത്തിരുന്ന ആ പഴയകാലത്തിന്റെ ഓർമകളുമായി തിരൂർ മേഖലയിൽ ഇന്നും രണ്ട് കുഞ്ഞാപ്പുട്ടിമാർ.
തിരുനാവായ കാരത്തൂർ തയ്യിൽ മൊയ്തീൻകുട്ടിയും തെക്കൻ കുറ്റൂർ തയ്യിൽ മുഹമ്മദ്കുട്ടിയുമാണ് ഈർച്ചവാൾ ഉപയോഗിച്ച് മരപ്പണി ചെയ്തിരുന്നവരിൽ നാട്ടിൽ ശേഷിക്കുന്ന രണ്ടുപേർ. ഇരുവരുടെയും വിളിപ്പേര് കുഞ്ഞാപ്പുട്ടിയെന്നാണ്. പതിനാലാം വയസ്സിലാണ് ഇരുവരും ഈർച്ചവാൾ ഉപയോഗിച്ചുള്ള പണി ആരംഭിച്ചത്. അന്ന് ഒരു ദിവസത്തെ കൂലി നാലണയായിരുന്നു.
ഈർന്നെടുത്ത മരങ്ങൾ കഷണങ്ങളാക്കി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിച്ച് ചെന്നൈയിലെ വിപണിയിലേക്ക് അയക്കുകയായിരുന്നു പതിവ്. ഭാരതപ്പുഴയിലെ മണലിലൂടെ കൈവണ്ടിയിൽ തടി വലിച്ചുകൊണ്ടുപോയി തൃശൂർ പുന്നയൂർക്കുളത്ത് എത്തിച്ചതും ആഴ്വാഞ്ചേരി മനയിലെ ആറരയടി വണ്ണമുണ്ടായിരുന്ന ഭീമൻ മാവ് സാഹസികമായി വെട്ടിയെടുത്ത് പാകപ്പെടുത്തിയതുമെല്ലാം ഇവരുടെ ഓർമകളിലുണ്ട്. തവനൂർ കാർഷിക കോളജിലേക്കും ഇവർ തടി പാകപ്പെടുത്തി നൽകിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പോയി കടുപ്പമേറിയ കരിമ്പനകൾ ഈർന്നെടുത്തിട്ടുണ്ട്. കൽപ്പറ്റ, മീനങ്ങാടി, തരിയോട്, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും ഭീമൻ മരങ്ങൾ പലകകളാക്കി മാറ്റിയ അനുഭവങ്ങൾ ഇരുവർക്കുമുണ്ട്.
മരമില്ലുകളിൽ ആധുനിക യന്ത്രങ്ങൾ എത്തിയതോടെ ഈർച്ചവാൾ പഴയകാലത്തിന്റെ ഓർമയായി മാറി. എന്നാൽ, 75 വയസ്സുള്ള ഇരുവരും ഇപ്പോഴും മരമില്ലുകളിൽ ജോലി ചെയ്യുന്നുണ്ട്.
ഇവരുടെ സംഭാവനകളെ മാനിച്ച് സാംസ്കാരിക-പരിസ്ഥിതി സംഘടനയായ റീ എക്കോ ഇരുവരെയും ആദരിച്ചു. ഈർച്ചവാൾ സൂക്ഷിച്ചുവെച്ച പുച്ചങ്ങൽ അബൂബക്കറിനെയും ചടങ്ങിൽ ആദരിച്ചു. പൂവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.
മുംതാസ് മജീദ്, കെ.കെ. റസാഖ് ഹാജി, കാളിയാടൻ സുലൈമാൻ, അയ്യപ്പൻ കുറുമ്പത്തൂർ, ലത്തീഫ് കുറ്റിപ്പുറം, മോനുട്ടി പൊയ്ലിശ്ശേരി, സി.വി. സുലൈമാൻ, സലീം തോട്ടായി, കോഴിപ്പുറം ബാവ, ഉമ്മർ ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
