തിരൂരങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി സഹോദരങ്ങൾ പിടിയിൽ

September 09, 2026 - By MalappuramMedia

തിരുരങ്ങാടി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരൂരങ്ങാടി എക്സൈസും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും നടത്തിയ പരിശോധനയിൽ 250 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനുമായി സഹോദരങ്ങൾ അറസ്റ്റിൽ.

കോഴിക്കോട് പന്നിയങ്കര സ്വദേശികളായ മമ്മദ്കോയ (67), സഹോദരൻ ഷാഹുൽ ഹമീദ് (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവുമായി മമ്മദ്കോയയെയും മൂന്ന് ഗ്രാം മെത്താംഫിറ്റമിനുമായി ഷാഹുൽ ഹമീദിനെയുമാണ് പിടികൂടിയത്.

കാക്കഞ്ചേരിക്കടുത്ത മണക്കാട് ശിവക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മമ്മദ്കോയ പിടിയിലായത്. മണക്കാട് മാവിൻചോട് റോഡിലെ വാടകവീട്ടിൽ നിന്നാണ് ഷാഹുൽ ഹമീദിനെ പിടികൂടിയത്. കഞ്ചാവ് വിൽപ്പന കേസിൽ പത്തുവർഷത്തെ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് മമ്മദ്കോയ പുറത്തിറങ്ങിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

മെത്താംഫിറ്റമിൻ വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 1,91,080 രൂപ, രണ്ട് ഇലക്ട്രോണിക് ത്രാസുകൾ, മയക്കുമരുന്ന് പായ്ക്കറ്റുകളാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തു.

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരായ അരവിന്ദൻ, മിനു രാജ്, എ. ജയകൃഷ്ണൻ, കെ. ശിഹാബുദ്ദീൻ, ജയകൃഷ്ണൻ, മായാദേവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Recent

Load More