തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടും
നിലമ്പൂർ: തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകാതെ നിലമ്പൂർ വരെ നീട്ടുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ (ഡിആർഎം) മധുകർ റോത്ത് അറിയിച്ചു. മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ 24 കോച്ചുകൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയായതായും ക്രോസിങ് സ്റ്റേഷൻ അടുത്ത മാസം കമ്മിഷൻ ചെയ്യുന്നതോടെ ട്രെയിൻ നീട്ടുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥിന്റെയും നിലമ്പൂർ–മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഡിആർഎം ഇക്കാര്യം അറിയിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ ഷൊർണൂരിലെത്തുന്ന വേണാട് എക്സ്പ്രസ് മൂന്നുമണിക്കാണ് മടങ്ങുന്നത്. ഷൊർണൂരിൽ ട്രെയിൻ നിർത്തിയിടുന്ന മൂന്നുമണിക്കൂർ പ്രയോജനപ്പെടുത്തി സർവീസ് നിലമ്പൂർ വരെ നീട്ടാനാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയിൽ നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ സർവീസില്ലാത്ത സാഹചര്യം പരിഹരിക്കാനാകും.
പാഴ്സൽ സർവീസ് പുനരാരംഭിക്കാനും നീക്കം
നഷ്ടം ചൂണ്ടിക്കാട്ടി നിലമ്പൂർ സ്റ്റേഷനിൽ നിർത്തിവച്ച പാഴ്സൽ സർവീസ് പുനരാരംഭിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. സർവീസ് ലാഭകരമാകുമെന്ന ഉറപ്പുണ്ടായാൽ പുനരാരംഭിക്കുമെന്ന് ഡിആർഎം അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വ്യവസായികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. വരുമാനം വർധിപ്പിക്കുന്നതിലൂടെ പാതയിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ചെന്നൈ–പാലക്കാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂർ മുൻ എംഎൽഎ പൊൻ ജയശീലൻ, അനു ഷിനാൻ, തേയില കർഷക സംഘം പ്രസിഡന്റ് ഷാജി ചളിവയൽ എന്നിവരടങ്ങിയ സംഘം ഡിആർഎമ്മിന് നിവേദനം നൽകി. നിലമ്പൂർ–നഞ്ചൻകോട് റെയിൽപാത ഗൂഡല്ലൂർ വഴിയാക്കണമെന്ന ആവശ്യവും സംഘം ഉന്നയിച്ചു.
നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഡിആർഎം മടങ്ങിയത്. കൗൺസിൽ പ്രസിഡന്റ് ഡോ. ബിജു നൈനാൻ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ ജോഷ്വ കോശി, അനസ് യൂണിയൻ, വ്യവസായി പി. ഇസ്മായിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
റെയിൽവേ പാതയിലെ സ്റ്റേഷനുകൾ സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർ
ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ വിവിധ സ്റ്റേഷനുകളിലും ഡിആർഎം മധുകർ റോത്തിന്റെ നേതൃത്വത്തിലുള്ള റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. പുരോഗമിക്കുന്ന നിർമാണപ്രവർത്തനങ്ങളും സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങളും സംഘം വിലയിരുത്തി. ജീവനക്കാർ, യാത്രക്കാർ, നാട്ടുകാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്തു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പുനൽകി.
