ചങ്ങരംകുളത്ത് അപകടമുണ്ടാക്കിയ പുത്തനത്താണി സ്വദേശികളെ നാട്ടുകാർ പിടികൂടി
ചങ്ങരംകുളം: അപകടം വരുത്തിയ ശേഷം നിർത്താതെ പോയ കാർയാത്രികരെ നാട്ടുകാർ തടഞ്ഞുവെച്ച് ചങ്ങരംകുളം പോലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം.
പുത്തനത്താണി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബെലോന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ഓഡി കാറിൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ കാർ പള്ളിക്കര റോഡിലേക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ഇതിനിടെ എതിർദിശയിൽ വന്ന വാഗ്നർ കാറിലും ഇടിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ബെലോന കാറിന്റെ ടയർ പൊട്ടിയതോടെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ യുവാക്കളെ തടഞ്ഞുവെക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കാർ ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ഓഡി കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്നയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്നും മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് കുറ്റിപ്പുറം–തൃശ്ശൂർ സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
