ചങ്കുവെട്ടിയിൽ 13 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കോട്ടക്കൽ: ചങ്കുവെട്ടിയിൽനിന്ന് 13 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം മേൽമുറി ചോലക്കൽ വീട്ടിൽ ജസീലുദ്ദീൻ (36) ആണ് കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ, ചങ്കുവെട്ടി, ചെനയ്ക്കൽ, എടരിക്കോട് മേഖലകളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ കോട്ടയ്ക്കൽ പറപ്പൂർ വീണാലുക്കൽ സ്വദേശി അബു താഹിറിനെ (37) ഓഗസ്റ്റ് ഏഴിന് മലപ്പുറം ഡാൻസാഫ് സംഘവും കോട്ടയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയിരുന്നു.
കേസിൽ ശാസ്ത്രീയ തെളിവുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബു താഹിറിന് എംഡിഎംഎ എത്തിച്ചുനൽകിയത് ജസീലുദ്ദീനാണെന്ന് കണ്ടെത്തിയത്.
കോട്ടക്കൽ സി.ഐ. കെ. അബ്ദുൽഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. രാമദാസ്, എ.എസ്.ഐ. സ്മിത, എസ്.സി.പി.ഒ. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്.
