കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്;ഒക്ടോബർ 16-ലെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒക്ടോബർ 16-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം. കോളേജുകളിലും ഉപകേന്ദ്രങ്ങളിലും സർവകലാശാലാ കാമ്പസിലും ഒക്ടോബർ 14, 15 തീയതികളിലാണ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ 16-ന് നടക്കാനിരിക്കുന്ന അഞ്ചുവർഷ എൽ.എൽ.ബി. പത്താം സെമസ്റ്റർ, മൂന്നുവർഷ എൽ.എൽ.ബി. ആറാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ചെയർമാൻ കെ.വി. അഹദ് സമാനും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കെ.സി. വാജിദും പരീക്ഷാ കൺട്രോളർക്ക് നിവേദനം നൽകി.
അഞ്ച്, ഒൻപത് സെമസ്റ്ററുകളിലെ സേ പരീക്ഷകൾ ഇതിനുശേഷം അടിയന്തരമായി നടത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് നിയമവിദ്യാർഥികളുടെ ഒരു അധ്യയനവർഷം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
