കുറ്റിപ്പുറം മിനി പമ്പയിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ; പാർക്കിങ്ങിന് സ്ഥലം അനുവദിക്കും

October 10, 2026 - By Malapuram

കുറ്റിപ്പുറം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിലെത്തുന്ന അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ചർച്ച ചെയ്തു.
ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വിരിവെക്കാനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ദീർഘകാലാടിസ്ഥാനത്തിൽ മിനി പമ്പയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

പാർക്കിങ് പ്രശ്നത്തിന് പരിഹാരം
മിനി പമ്പയിലെ പ്രധാന പ്രശ്നമായ പാർക്കിങ് സൗകര്യക്കുറവിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പാർക്കിങ്ങിനായി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.എൽ.എ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

സുരക്ഷയ്ക്കും ആരോഗ്യപരിരക്ഷയ്ക്കും മുൻഗണന

തീർഥാടകർക്ക് അന്നദാനം, കുടിവെള്ളം, വൈദ്യുതി, വിശ്രമസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകളും സ്ഥാപിക്കും. സുരക്ഷയ്ക്കായി വളണ്ടിയർമാരുടെ സേവനം, പോലീസ്, ഫയർഫോഴ്‌സ് എന്നിവയുടെ സാന്നിധ്യവും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യസഹായവും ഏകോപിപ്പിക്കും. ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബോട്ട്, ലൈഫ് ഗാർഡ് സേവനങ്ങളും ഒരുക്കും.

വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരി-വ്യവസായി സമൂഹത്തിന്റെയും സഹകരണത്തോടെ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അയ്യപ്പ സേവാ പ്രതിനിധികളും പങ്കെടുത്തു.

Category: തവനൂർ

Recent

Load More