കരിപ്പൂർ വിമാനത്താവളത്തിന്റെ സിഇആർ ഫണ്ട് ഇനി പരിസരപ്രദേശങ്ങളുടെ വികസനത്തിന്

September 12, 2026 - By MalappuramMedia



വെള്ളക്കെട്ട് പരിഹരിക്കാൻ 3.5 കോടി; എസ് വളവ് നികത്തി റോഡ് നവീകരിക്കും

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി.ഇ.ആർ (കോർപ്പറേറ്റ് എൻവയോൺമെന്റൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് ഇനി പൂർണമായും വിമാനത്താവള പരിസരപ്രദേശങ്ങളുടെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി വിനിയോഗിക്കും. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നിർദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം.

മഴക്കാലത്ത് വിമാനത്താവള പരിസരത്തുനിന്നുള്ള വെള്ളം സമീപത്തെ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തുന്നതുമൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 3.5 കോടി രൂപ സി.ഇ.ആർ ഫണ്ടിൽനിന്ന് അനുവദിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയവും സ്ഥിരതയുള്ളതുമായ പരിഹാര സംവിധാനങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക.

വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തെ അപകടസാധ്യതയുള്ള ‘എസ്’ വളവ് നികത്തി റോഡ് നവീകരിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഉടൻ എൻ.ഒ.സി നൽകും. ഇതോടെ ഏറെക്കാലമായി പ്രദേശവാസികൾ ഉന്നയിച്ചുവരുന്ന പ്രധാന റോഡ് സുരക്ഷാ പ്രശ്നത്തിന് പരിഹാരമാകും.

വിമാനത്താവള പരിസരത്ത് വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗം പരിഗണിച്ചു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി പുനഃപരിശോധന നടത്തും.

വിമാനത്താവളത്തിലെ വിവിധ തൊഴിലവസരങ്ങളിൽ തദ്ദേശവാസികൾക്ക് മുൻഗണന ഉറപ്പാക്കാനും തീരുമാനമായി. ഇതിനായി പ്രദേശവാസികളായ ഉദ്യോഗാർഥികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി വിമാനത്താവള അധികൃതർക്ക് കൈമാറും.

ആരോഗ്യമേഖലയിലും സഹായം ലഭ്യമാക്കും. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 10 ഡയാലിസിസ് മെഷീനുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

എം.എൽ.എ ടി.വി. ഇബ്രാഹിം, എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിമാനത്താവള വികസനത്തോടൊപ്പം പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

Recent

Load More