പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പരപ്പനങ്ങാടി സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്ത് പൊലിസ്

July 13, 2026 - By MalappuramMedia

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമത്തില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സൈബർ പൊലിസ് കേസെടുത്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ മിഥുനെതിരേയാണ് നടപടി. അതേസമയം പ്രതിയേ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാലാണ് മിഥുനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലിസ് അറിയിച്ചു. പ്രധാനമന്ത്രിക്കെതിരായ വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തതായും പൊലിസ് വ്യക്തമാക്കി.

പോസ്റ്റിന് താഴെ മതസ്പർധ വളർത്തുന്ന രീതിയില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം കമന്റുകള്‍ ഉയർന്നത്. പ്രതി മുസ്ലിമാണെന്ന തരത്തില്‍ തെറ്റായ പ്രചാരണവും നടന്നതായി പൊലിസ് വ്യക്തമാക്കി.

എന്നാല്‍ മിഥുൻ ബി.ജെ.പി അനുഭാവിയാണെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

വധഭീഷണി അടങ്ങിയ വീഡിയോ ദുരുപയോഗം ചെയ്യരുതെന്നും സംഭവത്തിന്റെ പേരില്‍ പ്രദേശത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും വാർഡ് കൗണ്‍സിലർ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

മിഥുനിന്റേത് മാന്യമായി ജീവിക്കുന്ന കുടുംബമാണെന്നും അദ്ദേഹത്തോടോ കുടുംബത്തോടോ നാട്ടുകാർക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Recent

Load More