ചെറിയ പൊതികളിലാക്കി എംഡിഎംഎ വിൽപ്പന; വണ്ടൂരിൽ രണ്ടുപേർ അറസ്റ്റിൽ
വണ്ടൂർ: എം.ഡി.എം.എ. ചെറിയ പൊതികളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കുന്നതിനിടെ രണ്ടുപേരെ വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ് (42), അയൽവാസിയായ ഇല്ലിക്കൽ ഷിഹാദ് (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.55 ഗ്രാം എം.ഡി.എം.എ., വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,000 രൂപ, ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ രണ്ടോടെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രതികൾ എം.ഡി.എം.എ. ഏകദേശം 1,000 രൂപ വിലവരുന്ന ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
വണ്ടൂർ ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുഹമ്മദ് അസ്‌ലം, സി.പി.ഒ. ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
