നിർമ്മാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം: കോട്ടക്കലിൽ മൂന്നംഗ സംഘം പിടിയിൽ
കോട്ടക്കൽ: നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വിലപിടിപ്പുള്ള ഇലക്ട്രിക് വയറുകളും ഉപകരണങ്ങളും മോഷ്ടിച്ച് ആക്രിക്കടകളിൽ വിറ്റിരുന്ന മൂന്നംഗ സംഘത്തെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ എം.കെ. മുഹമ്മദ് ഷിഫാൻ (19), ടി.പി. മുഹമ്മദ് ഫയാസ് (19), സി. സഞ്ജയ് (19) എന്നിവരാണ് പിടിയിലായത്.
എടരിക്കോട് പുതുപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമായി നിർമ്മാണം നടക്കുന്ന വീടുകളും ആളൊഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. വയറിങ് പൂർത്തിയായ വീടുകളിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറുകൾ ഊരിയെടുത്ത്, അതിലെ ചെമ്പുകമ്പി വേർതിരിച്ച് ആക്രിക്കടകളിൽ വിൽക്കുന്നതായിരുന്നു ഇവരുടെ പതിവ്. , നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വിവിധ യന്ത്രസാമഗ്രികളും ഇവർ മോഷ്ടിച്ചിരുന്നു. സംഘം സ്ഥിരമായി ആക്രിക്കടകളിൽ സാധനങ്ങൾ വിൽപ്പനയ്ക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
പ്രതികളിൽ നിന്ന് വൻതോതിൽ മോഷണമുതലുകൾ പോലീസ് കണ്ടെടുത്തു. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ, 60,000 രൂപയുടെ ഇലക്ട്രിക് വയറുകൾ, 60,000 രൂപയോളം വിലമതിക്കുന്ന ഡ്രില്ലിങ് മെഷീൻ, ഹാൻഡ് കട്ടർ, ജിപ്സം മെഷീൻ, കേബിൾ കട്ടർ, ടൈലറിങ് മെഷീൻ ഹെഡ് എന്നിവയാണ് പിടിച്ചെടുത്തത്.
കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
