വിദ്യാർഥിക്ക് ഇ-സിഗരറ്റ് വിറ്റ മമ്പാട് സ്വദേശിയായ വ്യാപാരി അറസ്റ്റിൽ
നിലമ്പൂർ: സ്കൂൾ വിദ്യാർഥിക്ക് ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) വിൽപ്പന നടത്തിയെന്ന കേസിൽ കടയുടമയെ മമ്പാട് പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ബീമ്പുങ്ങൽ കപ്പച്ചാലിൽ അബ്ദുൽ ലത്തീഫ് (58) ആണ് പിടിയിലായത്.
പ്ലസ് വൺ വിദ്യാർഥിയിൽ നിന്ന് സ്കൂൾ അധികൃതർ ഇ-സിഗരറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രിൻസിപ്പൽ, ഓപ്പറേഷൻ എസ്.പി.സി ഇൻസ്ട്രക്ടറായ സി.പി.ഒ. സി.വി. വിവേകിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർഥിയെ ചോദ്യം ചെയ്തതോടെയാണ് ഇ-സിഗരറ്റിന്റെ ഉറവിടം കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്പെക്ടർ ബി.എസ്. ബിനു 2,000 രൂപ നൽകി വിദ്യാർഥിയെ കടയിലേക്ക് അയച്ചു. പണം സ്വീകരിച്ച കടയുടമ പിന്നീട് ഇ-സിഗരറ്റ് നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിയെ മടക്കിയയച്ചു. തുടർന്ന് ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്.ഐ. കെ. രതീഷ്, എസ്.ഐ. സി.പി. ജാബിർ, സി.പി.ഒ. സി.വി. വിവേക് എന്നിവർ കടയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഇ-സിഗരറ്റ് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ മൊബൈലിൽ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
