വേങ്ങര കണ്ണുമംഗലത്ത് ഓടുന്നതിനിടെ ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
വേങ്ങര : വേങ്ങര കണ്ണുമംഗലം തോട്ടശ്ശേരിയറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരനായ കെ.പി. ഷഹബാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിൽ നിന്ന് പുകയും തീയും ഉയരുന്നത് ഷഹബാസ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അതിവേഗം സ്ഥലത്തെത്തി വെള്ളമൊഴിച്ചും മറ്റ് മാർഗങ്ങളിലൂടെയും തീ നിയന്ത്രണവിധേയമാക്കി. ബൈക്ക് കത്തിനിന്ന സ്ഥലത്തിന് സമീപം കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ ഉണ്ടായിരുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ ഗുരുതരമായ അപകടസാധ്യത ഉണ്ടാകുമായിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.
