ചേലാകര്‍മ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്
പൊന്നാനി : 23 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന് ചേലാകർമ്മത്തിനിടെ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ച കേസില്‍ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ചികിത്സ നടത്തിയ ഡോക്ടർക്കും എതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കെ. മോഹൻദാസ് അധ്യക്ഷനായ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ആശുപത്രിയിലെ ശുചിത്വക്കുറവും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും ഡോക്ടറുടെ പരിചയക്കുറവും കുഞ്ഞിന് ഗുരുതര അണുബാധയുണ്ടാകാൻ കാരണമായതായി കമ്മീഷൻ വിലയിരുത്തി.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചേലാകർമ്മത്തിന് പിന്നാലെ കുഞ്ഞിന് ഗുരുതര അണുബാധയും പഴുപ്പും ബാധിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം തൃശൂരിലെ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രിയകളും തുടർചികിത്സയും ആവശ്യമായി വരുമെന്ന് അന്നുതന്നെ വിദഗ്ധർ നിർദേശിച്ചിരുന്നു.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലൻസും അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും, ചികിത്സ നടത്തിയ ഡോക്ടറുടെ ഗുരുതര പരിചയക്കുറവാണ് കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് മുൻപ് കേസില്‍ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കുട്ടിയുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കാൻ സർക്കാരിന് നിർദേശം നല്‍കിയിരുന്നു.
കുട്ടിക്ക് സംഭവിച്ച ശാരീരികവും മാനസികവുമായ ദുരിതത്തിന് 25 ലക്ഷം രൂപയും, ഭാവിയിലെ ചികിത്സയ്‌ക്കും ശസ്ത്രക്രിയകള്‍ക്കുമായി 25 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 50 ലക്ഷം രൂപ നല്‍കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. കൂടാതെ 25,000 രൂപ കോടതി ചെലവായും പരാതിക്കാർക്ക് നല്‍കണം.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും, അതില്‍ വീഴ്ച വരുത്തിയാല്‍ കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ഒൻപത് ശതമാനം പലിശ സഹിതം തുക നല്‍കേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
