വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് വേണം; വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളന പ്രമേയം
വളാഞ്ചേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി യൂണിറ്റ് സമ്മേളനം വളാഞ്ചേരി ചൈതന്യ ബിൽഡിംഗിൽ നടന്നു. സമിതി മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ജയപ്രകാശ് അധ്യക്ഷനായി.
സമിതി വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി അബു താഹിർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് എം പി, ശോഭന സി എൻ എന്നിവർ സംസാരിച്ചു. വാസുദേവൻ സ്വാഗതവും അമീർ ഫൈസൽ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ, വളാഞ്ചേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്ക് കാരണം ടൗണിലേക്ക് ആളുകൾ എത്താൻ മടിക്കുന്ന സാഹചര്യം വ്യാപാരികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിർമിക്കണമെന്നും, ദേശീയപാതയിൽ നിന്ന് വളാഞ്ചേരി ടൗണിലേക്ക് ഇറങ്ങുന്ന കാവുംപുറം റോഡിന്റെ നിർമാണം അതിവേഗം പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സജിൻ മുലൂക്ക് (പ്രസിഡന്റ്), വാസുദേവൻ (വൈസ് പ്രസിഡന്റ്), അമീർ ഫൈസൽ (സെക്രട്ടറി), രാജീവ് (ജോയിന്റ് സെക്രട്ടറി), ദീഷ്മ ദിനേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
