കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; മലപ്പുറത്ത് എസ്എഫ്ഐ നിരാഹാര സമരം സംഘടിപ്പിച്ചു

July 09, 2026 - By MalappuramMedia


മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം സംഘടിപ്പിച്ചു.

കേന്ദ്രതലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, ദേശീയ പരീക്ഷാ നടത്തിപ്പ് ഏജൻസി പിരിച്ചുവിടുക, വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിച്ച പ്രവേശന പരീക്ഷാ വിവാദങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കിയെന്നും, പരീക്ഷാ സംവിധാനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. താജുദ്ധീൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം.കെ. ശിവശങ്കരൻ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ ടി. രത്നാകരൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വിജോയ്, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, മുൻ ജില്ലാ ഭാരവാഹികളായ കെ. മുഹമ്മദലി ശിഹാബ്, എം. സജാദ്, ഇ. അഫൈസൽ, അഡ്വ. വി.പി.കെ. അബ്ദുല്ല നവാസ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ഷമീം ഇല്യാസ്, പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ വിനായക് പ്രസാദ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോകുൽ ടി, എം. അബു ഉനൈസ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്. രോഹിത് എന്നിവർ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ. ആദിൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സ്നേഹ ടി നന്ദിയും രേഖപ്പെടുത്തി.

Recent

Load More