മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറി വിജയശതമാനം ഉയർത്താൻ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്
മലപ്പുറം : ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിജയശതമാനം ഉയർത്താൻ തീവ്രപദ്ധതിയുമായി ജില്ലാപഞ്ചായത്ത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന ജില്ലയാണ് മലപ്പുറം.
ഏറ്റവുംകൂടുതൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളും താത്‌കാലിക ബാച്ചുകളും താത്കാലിക അധ്യാപകരും ജില്ലയിലാണ്. ഓരോ ക്ലാസിലും 65 കുട്ടികൾ വരെയുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കിടയിലും മികച്ച വിജയം ലക്ഷ്യമിട്ടാണ് പദ്ധതി. ഈ പ്രശ്‌നങ്ങളെ ലഘൂകരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വിജയഭേരി വിദ്യാഭ്യാസപദ്ധതി പ്രത്യേക പ്രവർത്തനങ്ങൾ നടത്തും.
ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിജയഭേരി സ്‌കൂൾ കോഡിനേറ്റർമാർക്ക് പരിശീലനം നൽകി. പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ പി.കെ. അസ്‌ലു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, ഹനീഫ മൂന്നിയൂർ, സി. സുകുമാരൻ, ജൈസൽ എളമരം, യാസ്‌മിൻ അരിമ്പ്ര, ആർ.ഡി.ഡി. ജൂഡ് ലൂയിസ്, ഹയർ സെക്കൻഡറി കോഡിനേറ്റർ ഷാജു, ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.
വിജയഭേരി കോഡിനേറ്റർ ടി. സലിം പദ്ധതി വിശദീകരിച്ചു. കഴിഞ്ഞവർഷം നൂറുശതമാനം വിജയംനേടിയ സ്‌കൂളുകളെയും വിജയഭേരി പെപ്‌ടോക് മികച്ചരീതിയിൽ നടത്തിയ സ്‌കൂളുകളെയും യോഗത്തിൽ അനുമോദിച്ചു.
