120 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
മലപ്പുറം : കേരളത്തിൽനിന്ന് തിരുപ്പൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തിയ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. തിരൂരങ്ങാടി ചെമ്മാട് സ്വദേശിയായ എ. മുഹമ്മദ് റിയാസ് (36), മങ്കട ബ്ലോക്കിലെ ചട്ടിപ്പറമ്പ് സ്വദേശി എം. മുഹമ്മദ് അഷ്റഫ് (56) എന്നിവരെയാണ് പല്ലടം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ 10 ചാക്കുകളിലായുണ്ടായിരുന്ന 120 കിലോ നിരോധിത പുകയിലയുത്പന്നങ്ങളും കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
പല്ലടം-തിരുപ്പൂർ പാതയിലെ ചിന്നക്കരയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തിരുപ്പൂരിലെ ചില്ലറ വ്യാപാരികൾക്ക് വിൽക്കുന്നതിനാണ് ഇരുവരും നിരോധിത ഉത്പന്നങ്ങൾ കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും വിതരണശൃംഖലയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.”
