ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ ഉമ്മയും ഡോക്ടറായ മകളും വാഹനാപകടത്തിൽ മരണപ്പെട്ടു

July 06, 2026 - By MalappuramMedia

 

മലപ്പുറം : ഖത്തറില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂര്‍ നടുവട്ടം തെക്കേ പീടിക്കല്‍ ഹൗസില്‍ അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹന (52), ഇവരുടെ മൂത്ത മകള്‍ ഡോ നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. മക്കയിലെ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി അതീവ സന്തോഷത്തോടെ ഖത്തറിലേക്ക് തന്നെ തിരികെ മടങ്ങുകയായിരുന്ന കുടുംബമാണ് വഴിമധ്യേ അപകടത്തില്‍പ്പെട്ടത്.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, പേരക്കുട്ടി എന്നിവര്‍ അത്ഭുതകരമായാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരുടെ ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. ഹൈവേയിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ ശക്തമായ കാറ്റില്‍ റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന്  ലാന്‍ഡ് ക്രൂയിസര്‍ കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ്സില്‍ വന്ന് ഒട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ക്ക് മുന്നോട്ടുള്ള കാഴ്ച പൂര്‍ണ്ണമായി മറയുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അതിവേഗ പാതയില്‍ വെച്ച് പലതവണ തലകീഴായി മറിയുകയുമായിരുന്നു.

ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്ലത്തീഫ് പ്രമുഖ സ്ഥാപനമായ ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി (കാപ്‌കോ)യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഉമര്‍കുട്ടി – മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ് അപകടത്തില്‍ മരിച്ച രഹന. വാഹനാപകടത്തില്‍ മരണപ്പെട്ട ഉമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലവില്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദാരുണമായ ദുരന്ത വാര്‍ത്തയറിഞ്ഞ് ദമ്മാമില്‍ നിന്നും സൗദിയുടെ മറ്റ് വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ഇവരുടെ അടുത്ത ബന്ധുക്കളും കെ എം സി സി പ്രവര്‍ത്തകരും നാട്ടുകാരും അടിയന്തിരമായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഔദ്യോഗിക നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചിട്ടുള്ളത്”

Category: തിരൂർ

Recent

Load More