മലപ്പുറത്ത് പിടികൂടിയ വൻ സ്ഫോടകവസ്തു കേസ്; കർണാടക കേന്ദ്രീകരിച്ച് ഗൂഢാലോചനയെന്ന് എൻഐഎ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മലപ്പുറം: തിരുരങ്ങാടിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന വലിയ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ പ്രധാന ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന കർണാടക താലിക്കോട്ടെ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി.
2026 ഫെബ്രുവരി 7-ന് തിരുരങ്ങാടിയിൽ ഉള്ളി ചാക്കുകൾ കയറ്റിവന്ന ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയിരുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ വൻതോത് കണക്കിലെടുത്ത് പിന്നീട് എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിനിടെ സ്ഫോടകവസ്തുക്കളുടെ ഉറവിടവും സഞ്ചാരപഥവും മറച്ചുവെക്കാൻ പാക്കറ്റുകളിലെ ഔദ്യോഗിക ബാർകോഡ് ലേബലുകൾ മനഃപൂർവം നശിപ്പിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു. താലിക്കോട്ടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയതായി അന്വേഷണ ഏജൻസി വ്യക്തമാക്കി.
വലിയ കൺസൈൻമെന്റിന്റെ ജിഎസ്ടി ഇ-വേ ബില്ലുകൾ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും, പിടിച്ചെടുത്ത ചരക്കുകൾ പിന്നീട് മറ്റൊരാൾ വാങ്ങിയതായി കാണിക്കുന്ന വ്യാജ വിൽപന രേഖകളും തയ്യാറാക്കിയതായും എൻഐഎ കോടതിയിൽ അറിയിച്ചു.
സ്ഫോടകവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യവും ഇതിന് പിന്നിലെ ഗൂഢാലോചനയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
