മലമ്പുഴ ഡാമിൽ ഇറങ്ങി കാണാതായ തിരൂർ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം : പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളജിൽ ഫാർമസി അവസാന വർഷ വിദ്യാർഥിയും മലപ്പുറം തിരൂർ പരിയാപുരം ചെക്കുമരക്കാറകത്തിൽ വീട്ടിൽ സലീമിൻ്റെ ഷെമീലിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്.
തെക്കേ മലമ്പുഴയിൽ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഷെമീലിനെ ഇന്നലെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടുവച്ചാലിനു സമീപമായിരുന്നു അപകടം. ഷെമീലും സുഹൃത്തുക്കളും അടങ്ങുന്ന 8 അംഗസംഘം 4 ബൈക്കുകളിലായി വൈകിട്ടാണു തെക്കേ മലമ്പുഴയിലെത്തിയത്. ഇവർ ഒന്നിച്ചു ഡാമിൽ കുളിക്കാനിറങ്ങി. നീന്തൽ വശമുണ്ടായിരുന്ന ഷെമീൽ അൽപം ദൂരേക്ക് നീന്തിപ്പോകുകയും പെട്ടെന്നു കാണാതാകുകയുമായിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു. ഉടൻതന്നെ ഇവർ പരിസരവാസികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല.
ഇതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കഞ്ചിക്കോട് സ്റ്റേഷനിലെ സേനാംഗങ്ങളും ഇവർക്കൊപ്പം ഡാമിലെ മത്സ്യബന്ധനത്തൊഴിലാളികളും ചേർന്ന് ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടുമായയോടെ രാത്രി 8ന് അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഞ്ചിക്കോട് അഗ്നിരക്ഷാസേന, മലമ്പുഴ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിലും പരിശോധനയും. 2025 മേയിൽ പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശികളായ സഹോദരങ്ങൾ മുങ്ങിമരിച്ച അതേ സ്ഥലത്താണ് ഇന്നലെയും അപകടം നടന്നത്.
