കോട്ടയ്‌ക്കലിലെ വന്‍ തീപിടിത്തത്തില്‍ നിന്ന് ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരെ നേരില്‍ കണ്ട് നന്ദിപറഞ്ഞു നൗഫല്‍
മലപ്പുറം : മാസങ്ങള്‍ക്ക് മുമ്പ് കോട്ടയ്‌ക്കലിലെ വന്‍ തീപിടിത്തത്തില്‍ നിന്ന് ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരെ നേരില്‍ കണ്ട് നന്ദിയറിയിക്കാന്‍ കാസര്‍കോട് സ്വദേശിയായ നൗഫല്‍ മലപ്പുറം മുണ്ടുപറമ്പ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെത്തി.
സുഹൃത്ത് ബിജുവിനൊപ്പമാണ് കഴിഞ്ഞദിവസം സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. ജീവന്‍ രക്ഷിച്ചവര്‍ക്കുള്ള നന്ദിയുടെ പ്രതീകമായി മധുരപലഹാരങ്ങളും അദ്ദേഹം ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറി. കഴിഞ്ഞ നവംബര്‍ എട്ടിന് പുലര്‍ച്ചെയായിരുന്നു കോട്ടയുക്കല്‍ ടൗണിലെ ഗൃഹോപകരണ വില്‍പ്പനശാലയില്‍ വന്‍ തീപിടിത്തമുണ്ടായത്.
മൂന്ന് നില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന നൗഫലും സഹോദരീപുത്രനായ 17കാരന്‍ രിഫായിയും ഉള്‍പ്പെടെ മൂന്ന് തൊഴിലാളികളാണ് തീപിടിത്തത്തില്‍ അകപ്പെട്ടത്. തീ ആളിപ്പടര്‍ന്നതോടെയും പുക നിറഞ്ഞതോടെയും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. മുകളിലെ ടിന്‍ഷീറ്റ് മേല്‍ക്കൂരയുടെ ഒരുഭാഗം ഇളക്കി ഒരാള്‍ സമീപ കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും നൗഫലും രിഫായിയും അകത്ത് കുടുങ്ങി അബോധാവസ്‌ഥയിലായി. കെട്ടിടമാകെ തീ പടര്‍ന്ന സാഹചര്യത്തില്‍ വിവരം ലഭിച്ച മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുധീഷും അക്ഷയ് രാജീവും അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി. ക്രോബാര്‍ ഉപയോഗിച്ച് ടിന്‍ഷീറ്റ് മേല്‍ക്കൂരയില്‍ വിടവുണ്ടാക്കി ശ്വാസോപകരണങ്ങള്‍ ധരിച്ച് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച ഇരുവരും അബോധാവസ്‌ഥയിലായ നൗഫലിനെയും രിഫായിയെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
സമീപ കെട്ടിടത്തിലൂടെ നൗഫലിനെ സ്‌ട്രെച്ചറിലും രിഫായിയെ കാരിയിംഗ് ഡൗണ്‍ രീതിയിലുമാണ് താഴെയിറക്കിയത്. തുടര്‍ന്ന് ഇരുവരെയും കോട്ടയ്‌ക്കലിലെ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസം ഐ.സി.യുവില്‍ ഉള്‍പ്പെടെ പത്ത് ദിവസത്തെ ചികിത്സയ്‌ക്കുശേഷമാണ് ഇരുവരും സുഖം പ്രാപിച്ച് നാട്ടിലേക്ക് മടങ്ങിയത്. സംഭവം ഓര്‍ത്തെടുത്ത നൗഫല്‍ അബോധാവസ്‌ഥയിലേക്ക് വഴുതിവീഴുമ്പോള്‍ പോലും സഹോദരിയുടെ മകന്‍ രക്ഷപ്പെടണമെന്ന പ്രാര്‍ത്ഥന മാത്രമാണ് മനസ്സിലുണ്ടായിരുന്നതെന്ന് പറഞ്ഞു. ആശുപത്രിയില്‍ ബോധം വീണ്ടെടുത്ത ശേഷം രിഫായിയും രക്ഷപ്പെട്ടെന്നറിഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു. രിഫായി ഇത്തവണ കൂടെയുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയ് രാജീവ് അവധിയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിച്ചവരോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കാനാണ് താന്‍ എത്തിയതെന്ന് നൗഫല്‍ പറഞ്ഞു. ഇത് ഞങ്ങളുടെ ജോലിയാണ്. ജീവന്റെ വിലയുള്ള നന്ദിയുമായി ആളുകള്‍ മുന്നിലെത്തുമ്പോള്‍ അതൊരു വലിയ അംഗീകാരമാണെന്ന് മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ ഓഫീസര്‍ ഇ.കെ. അബ്‌ദുല്‍ സലീം പ്രതികരിച്ചു.
