വിദേശത്തുള്ള സഹോദരന് എത്തിച്ച് നല്‍കാൻ കൊടുത്തുവിട്ട വസ്ത്രത്തില്‍ കഞ്ചാവ്. മനഃപൂര്‍വ്വം തന്നെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്ത് വണ്ടൂര്‍ പൊലീസ്
വണ്ടൂർ: സഊദി അറേബ്യയിലേക്ക് കൊണ്ടുപോകാനായി സുഹൃത്തിന്റെ സഹോദരൻ ഏൽപ്പിച്ച വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. കൊടുംചതിയിൽ നിന്ന് മലപ്പുറം വണ്ടൂർ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ കസ്റ്റഡിയിൽ എടുത്തു.
സഊദിയിലുള്ള തന്റെ സഹോദരന് നൽകാനെന്നു പറഞ്ഞാണ് സുഹൃത്തിന്റെ സഹോദരൻ യുവാവിനെ പാന്റുകൾ ഏൽപ്പിച്ചത്. വസ്ത്രങ്ങൾക്കുള്ളിൽ അതീവ രഹസ്യമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കൃത്യസമയത്ത് പരിശോധന നടത്തിയത് യുവാവിനെ വലിയൊരു അപകടത്തിൽ നിന്നും നിയമക്കുരുക്കിൽ നിന്നും രക്ഷിക്കുകയായിരുന്നു.
സുഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അപരിചിതരോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ പോലും നൽകുന്ന സാധനങ്ങൾ അമിതമായി വിശ്വാസത്തിലെടുത്ത് വിദേശത്തേക്ക് കൊണ്ടുപോകുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
